featured 12 min 2

ഡോ. സണ്ണി; ഇന്ന് ‘മണിച്ചിത്രത്താഴി’നായി ജർമനിയിൽ നിന്നും പറന്നെത്തും!

mohanlal movie manichitrathaz fan: മുപ്പതുവർഷം മുൻപ്, ക്രിസ്‌മസിൻ്റെ തലേന്ന് കോട്ടയം ചിങ്ങവനത്തെ സെയ്ന്റ് ജോർജ് തിയേറ്ററിൽനിന്ന് സണ്ണി എന്ന മനഃശാസ്ത്രജ്ഞൻ ഒരു പതിനേഴുകാരൻ്റെ മനസ്സിൽ കയറി. പിന്നെ അവിടെ നിന്ന് തുടങ്ങുകയായിരുന്നു. തിങ്കളാഴ്ച്‌ച ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ ഓർമകളുറങ്ങുന്ന കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമിലെ 264-ാം നമ്പർ മുറിയിലിരിക്കുമ്പോൾ ആ പയ്യന്റെ മുടിയിൽ കാലം വെളുപ്പ് ചാലിച്ച് കഴിഞ്ഞിരുന്നു. അയാൾ ഇപ്പോൾ ജർമനിയിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റ് ആയി മാറിക്കഴിഞ്ഞിരുന്നു.

1993 ഡിസംബർ 25-ന് റിലീസ് ചെയ്‌ ‘മണിച്ചിത്രത്താഴ്’ പിറ്റേ വർഷമാണ് ചിങ്ങവനത്തെ ജെമിയുടെ ബി ക്ലാസ് തിയേറ്ററിലെത്തിയത്. അപ്പനും അമ്മയും ജർമനയിൽ ജോലിനോക്കുകയായിരുന്നതിനാൽ നാട്ടിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന ജെമിക്ക് തിയേറ്റർ നടത്തിപ്പിന്റെ മേൽനോട്ടം കൂടിയുണ്ടായിരുന്നു. ആദ്യ ഷോ കണ്ടപ്പോൾ മനസ്സിന്റെ തെക്കിനിയിലേക്ക് കുടിയേറി പാർത്തത് ഡോ. സണ്ണിയാണ്. അയാളുടെ മാനറിസങ്ങൾ, നടത്തം, സംസാരം എല്ലാം ഗംഗയിലേക്ക് നാഗവല്ലിയെന്ന പോലെ ആവേശിച്ചു. അന്നേ ജെമി ഉറപ്പിച്ചു, ‘എനിക്ക് ഡോ. സണ്ണിയാകണം’.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

inside 10 min 2

സ്കൂൾപഠനം പൂർത്തിയാക്കി ജർമനിയിലേക്ക് തിരിച്ചുപോയി സൈക്യാട്രി പ്രധാന വിഷയമായി ബി.എസ്‌സി. നഴ്‌സിങ് ജയിച്ചു. പിന്നെ എം.ബി.ബി.എസ്. ഒടുവിൽ അതിൽത്തന്നെ എം.ഡി. ഇപ്പോൾ ജർമനിയിലെ ഗുമ്മർബാഷിലുള്ള ആശുപത്രിയിൽ മുതിർന്നവരുടെ മാനസികാരോഗ്യ ചികിത്സകൻ. ഇത്രയും കാലത്തിനിടെ ഇരുനൂറിലധികം തവണ ‘മണിച്ചിത്രത്താഴ്’ കണ്ടു. ഇപ്പോഴും കണ്ടുകൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവിൽ കണ്ടത് ദിവസങ്ങൾക്കു മുൻപ് ഭാര്യ സ്വപ്‌നയ്ക്കും നാലുമക്കൾക്കുമൊപ്പം. അപ്പന്റെ ‘ഭ്രാന്തി’ന്റെ കാരണം അറിയിക്കാനായി മക്കൾക്ക് കാണിച്ചുകൊടുത്തു. മാനസികരോഗങ്ങളെക്കുറിച്ചുള്ള ചികിത്സയിൽ പാഠപുസ്‌തകമായി കാണണമെന്ന ശുപാർശയോടെ കാണിച്ചുകൊടുത്തപ്പോൾ വിദേശികളായ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കണ്ണുകളിലുണ്ടായ അദ്ഭുതംതന്നെയാണ് ഈ സിനിമയ്ക്കുള്ള ഏറ്റവും വലിയ പ്രശംസയെന്നും ജെമി.

mohanlal movie manichitrathaz fan

വർഷങ്ങൾക്കു മുൻപ് തിയേറ്ററിലൊട്ടിക്കാൻ കൊണ്ടുവന്ന മണിച്ചിത്രത്താഴിന്റെ പോസ്റ്ററും മണിച്ചിത്രത്താഴിൻ്റെ വീഡിയോ, ഓഡിയോ കാസറ്റുകളും ആമാടപ്പെട്ടിയിലെ ചിലങ്കയെന്നോണം സൂക്ഷിച്ചുവച്ചിരിക്കുകയാണ് ജെമി. ഓഫീസ് മുറിയിൽ ആ വാചകം എഴുതിവച്ചിട്ടുണ്ട്: ‘ഐ ആം ഗോയിങ് ടു ബ്രേക്ക് ഓൾ കൺവെൻഷണൽ കോൺസെപ്റ്റ്സ് ഓഫ് സൈക്യാട്രി..!’ അതിനൊപ്പം വയ്ക്കാൻ മണിച്ചിത്രത്താഴിന്റെ ഒരു വലിയ പോസ്റ്റർ തേടിയുള്ള അന്വേഷണം പരസ്യ കലാകാരനായ സാബു കൊളോണിയയിലേക്കും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനിലേക്കും ‘മണിച്ചിത്രത്താഴ്’ ഡോൾബി ശബ്ദസംവിധാനത്തോടെ റീമാസ്റ്റർ ചെയ്ത് പ്രദർശനത്തിനൊരുക്കിയ മാറ്റിനി നൗവിന്റെ ഉടമ സോമൻ പിള്ളയിലേക്കും എത്തുകയായിരുന്നു. അതോടെ ഇത്തവണത്തെ നാട്ടിലെ അവധിക്കാലം ഡോ. സണ്ണിക്കൊപ്പമെന്ന് ജെമി ഉറപ്പിച്ചു. ‘മണിച്ചിത്രത്താഴി’ൻ്റെ തൃപ്പൂണിത്തുറ ഹിൽപാലസിലെ ചിത്രീകരണ സമയത്ത് അപ്പച്ചൻ താമസിച്ചിരുന്ന ബി.ടി.എച്ചിലെ മുറിയിലിരുന്നുള്ള സംഭാഷണത്തിൻ്റെ ക്ലൈമാക്‌സിൽ ഡോ. സണ്ണി യാത്രയാകും മുൻപ് പറഞ്ഞത് ഡോ. ജെമി ആവർത്തിച്ചു: ‘ഭ്രാന്തുള്ളവരുടെ കൂടെ കഴിയുക വലിയ ബുദ്ധിമുട്ടാണ്. ഭ്രാന്തിന് ചികിത്സിക്കുന്നവരുടെ കൂടെ കഴിയുക അതിലും വലിയ ബുദ്ധിമുട്ടാണ്.’

Read also: ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമ ഏതാണെന്ന് അറിയുമോ?