Cheque Clearance Updates

ഇനി ചെക്ക് ക്ലിയർ ആക്കാൻ മണിക്കൂറുകൾ മാത്രം; ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ..!

Cheque Clearance Updates: ചെക്കുകൾ ക്ലിയർ ആക്കുന്നത് വേഗത്തിലാക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദേശങ്ങൾ ഉടൻ ആർ.ബി.ഐ പുറത്തിറക്കുന്നതാണ്. ചെക്ക് ക്ലിയറിങ് നടത്തുന്ന പ്രക്രിയയുടെ കാര്യക്ഷമത കൂട്ടുന്നതിനും പണം കൈമാറ്റത്തിലെ റിസ്‌ക് പരമാവധി ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.

നിലവിൽ ഓരോ ബാച്ചുകളായാണ് ബാങ്കുകളിൽ ചെക്കുകൾ ക്ലിയർ ചെയ്യുന്ന പ്രക്രിയ നടക്കുന്നത്. അതിന് ഒരു ദിവസം മുതൽ രണ്ട് ദിവസം വരെ സമയമാണ് എടുക്കുന്നത്. ഈ നടപടി വേഗത്തിലാക്കാനാണ് റിസർവ് ബാങ്ക് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. തത്സമയ ചെക്ക് ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്താനാണ് നിർദേശിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറുകൾക്കകം ചെക്ക് മാറി പണം അക്കൗണ്ടിലെത്തുന്നതാണ്. അതായത് ബാങ്കുകളിൽ ചെക്ക് പണമാക്കാൻ ഒരു ദിവസം കാത്തിരിക്കണമെന്ന അവസ്ഥയ്ക്ക് മാറ്റം വരാൻ പോകുകയാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഡെപ്പോസിറ്റ് ചെക്കുകൾ ബാങ്കുകൾ നിലവിൽ ദിവസത്തിൽ നിശ്ചിത സമയ സ്ലോട്ടുകളിൽ ഗ്രൂപ്പുകളിലോ ബാച്ചുകളിലോ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഇത് രണ്ട് പ്രവൃത്തി ദിവസങ്ങൾ (T+2) വരെ സെറ്റിൽമെന്റ്റ് സൈക്കിളിലേക്ക് ഉപയോക്താക്കളെ നയിക്കുകയാണ്. ദീർഘമായ കാത്തിരിപ്പ് കാലയളവും പ്രോസസ് പ്രക്രിയയിൽ പങ്കെടുക്കുന്ന ചെക്ക് നൽകിയ ആൾക്കും വാങ്ങിയ ആൾക്കുമുളള ഉയർന്ന സെറ്റിൽമെന്റ്റ് അപകട സാധ്യതയുമാണ് നിലവിൽ ഉളളത്. ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സി.ടി.എസ്) വഴിയുള്ള ചെക്ക് ക്ലിയറിംഗ് ഒരു ബാച്ച് പ്രോസസിംഗ് മോഡിലാണ് പ്രവർത്തിക്കുന്നത്.

സി.ടി.എസ് രീതിയിലുളള ബാച്ച് പ്രോസസിംഗിൽ നിന്ന് തുടർച്ചയായ ചെക്ക് ക്ലിയറിംഗ് രീതിയിലേക്ക് മാറ്റാനാണ് റിസർവ് ബാങ്ക് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.തത്സമയ ചെക്ക് ക്ലിയറിംഗ് പ്രക്രിയയിൽ ചെക്കുകൾ വേഗത്തിൽ സ്‌കാൻ ചെയ്യുകയും അവതരിപ്പിക്കുകയും ക്ലിയർ ചെയ്യുകയും ചെയ്യുന്നു. ഇത് ഏതാനും മണിക്കൂറുകൾ മാത്രം എടുക്കുന്ന ക്ലിയറൻസ് സൈക്കിളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നതാണ്. യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ്റ് ഇൻ്റർഫേസ്), നെഫ്റ്റ് (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫ‌ർ), ആർ.ടി.ജി.എസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻ്റ്) എന്നിവയുടെ കാലഘട്ടത്തിൽ ചെക്കുകളുടെ പ്രാധാന്യം കുറയുന്നതായാണ് കാണുന്നത്. എന്നിരുന്നാലും അവശ്യ പേയ്മെൻ്റ് ടൂളായി ചെക്ക് സംവിധാനം തുടരുന്നുണ്ട്.