Indian Super League 2024-25 season starts on September 13

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു: കിരീടപ്പോരാട്ടത്തിനായി ഒരുങ്ങി ക്ലബുകൾ..!

Indian Super League 2024-25 season starts on September 13: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു. സെപ്‌തംബർ 13 മുതലാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ ലീഗ് ആരംഭിക്കുകയെന്ന് അൽപ്പസമയം മുൻപാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഐഎസ്എല്ലിന്റെ ആവേശത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇനി ഒരു മാസം കൂടി കാത്തിരുന്നാൽ മതിയാകും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യത്തെ എഡിഷൻ ആരംഭിക്കുന്നത് 2014ലാണ്. ഈ സീസണിൽ നടക്കാൻ പോകുന്നത് ലീഗിന്റെ പതിനൊന്നാമത്തെ എഡിഷനാണ്. ഇക്കാലയളവിൽ വലിയ മാറ്റങ്ങൾക്ക് ലീഗ് വിധേയമായിട്ടുണ്ട്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടായതിനു പുറമെ മത്സരങ്ങളുടെ നിലവാരവും ഉയർന്നിട്ടുണ്ട് . നേരത്തെ ഐ ലീഗ് ആയിരുന്നു ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ ഒന്നാം ഡിവിഷൻ ലീഗായി അവർ മാറി.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

ഇപ്പോൾ ഐ ലീഗ് ജേതാക്കൾക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ നൽകുന്നുമുണ്ട്. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ്‌സിയും വരാനിരിക്കുന്ന സീസണിൽ മൊഹമ്മദൻസ് എഫ്‌സിയുമെല്ലാം പ്രൊമോഷനിലൂടെ വന്നതാണ്. ഐഎസ്എൽ പുതിയ സീസണിലുള്ള തയ്യാറെടുപ്പുകൾ ഒട്ടുമിക്ക ടീമുകളും നടത്തിക്കഴിഞ്ഞു. പ്രീ സീസൺ മത്സരങ്ങൾ ഭൂരിഭാഗം ക്ലബുകളും പൂർത്തിയാക്കി ഇപ്പോൾ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് . ഡ്യൂറൻഡ് കപ്പ് കഴിയുമ്പോഴേക്കും ടീമുകൾ തങ്ങളുടെ ടീമിനെയും കൃത്യമായി ഒരുക്കിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണ പ്രതീക്ഷകളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന് ഒരുങ്ങുന്നത്. പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെയുടെ പരിചയസമ്പത്തിൽ തന്നെയാണ് അവരുടെ പ്രതീക്ഷ. സീസണിലേക്കുള്ള സൈനിങ്‌ ഏറെക്കുറെ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ഏതാനും താരങ്ങളുടെ കാര്യത്തിൽ കൂടി തീരുമാനമെടുത്താൽ ലീഗിന് പൂർണമായും സജ്ജരാകും.