Luna About New Coaching

പുതിയ പരിശീലകന്റെ ശൈലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അഡ്രിയാൻ ലൂണയുടെ മുന്നറിയിപ്പ്.

Luna About New Coaching: അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷമുള്ള കഴിഞ്ഞ സീസണുകളിൽ നിന്നും ഈ സീസൺ വ്യത്യാസപ്പെട്ടതാണ്. കഴിഞ്ഞ മൂന്നു സീസണുകളിലും ഇവാൻ വുകോമനോവിച്ചിന് കീഴിൽ പൂർണമായ സ്വാതന്ത്ര്യത്തോടെ കളിച്ച അഡ്രിയാൻ ലൂണ പുതിയ പരിശീലകനു കീഴിൽ പൊസിഷനിലും ശൈലിയിലും മാറ്റങ്ങൾ വരുത്തിയാണ് കളിക്കുന്നതെന്ന് കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വ്യക്തമാണ്.

മൈക്കൽ സ്റ്റാറെയുടെ കീഴിൽ പുതിയ ശൈലിയിൽ കളിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം അഡ്രിയാൻ ലൂണ സംസാരിച്ചിരുന്നു. ചില കാര്യങ്ങൾ ടീമിലെ താരങ്ങൾ മനസിലാക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ലൂണ പറയുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെയും താരങ്ങളുടെയും സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള അഡ്രിയാൻ ലൂണയുടെ നിർദ്ദേശം വളരെ പ്രധാനപ്പെട്ടതുമാണ്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

“മൈതാനത്ത് പരിശീലകന്റെ ആശയങ്ങൾ നടപ്പിലാകുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വളരെയധികം പ്രസ്സ് ചെയ്‌തും പന്ത് പെട്ടന്ന് നേടിയെടുക്കാൻ വേണ്ടിയും ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അറിയാമല്ലോ. എന്നാൽ തൊണ്ണൂറു മിനുട്ടും ഇങ്ങിനെ പ്രസ്സ് ചെയ്യാൻ കഴിയില്ലെന്നതിനാൽ തന്നെ ഇതിനെ കൃത്യമായി കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്.”

“നമ്മൾ എപ്പോഴൊക്കെയാണ് പന്തടക്കം കാത്തു സൂക്ഷിക്കേണ്ടതെന്നും എപ്പോഴൊക്കെയാണ് പിന്നിലേക്കൂന്നി കളിക്കേണ്ടതെന്നും അറിഞ്ഞിരിക്കണം. ഈ ടീം നന്നായി കളിക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നതിന് കഴിയുന്നില്ല. എല്ലായിപ്പോഴും ആക്രമിക്കാൻ കഴിയില്ല, തൊണ്ണൂറു മിനുട്ടും അങ്ങിനെ കളിക്കാൻ ബുദ്ധിമുട്ടാണ്.” അഡ്രിയാൻ ലൂണ പറഞ്ഞു.

ഹൈ പ്രെസ്സിങ്ങും തുടർച്ചയായ ആക്രമണങ്ങളും നടത്തി തൊണ്ണൂറ് മിനുട്ടും കളിക്കുന്നത് ഇന്ത്യയിൽ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. കളിക്കാരുടെ ഊർജ്ജം നഷ്‌ടമാകാനും പരിക്കേൽക്കാനും ഇത് കാരണമാകും. അതെല്ലാം പരിഹരിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുപോക്കിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്.