Sreejesh's 16th Number Jersey

ഇന്ത്യൻ ഗോൾ വല കാത്ത നായകന് ഹോക്കി ഇന്ത്യയുടെ ആദരം; അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പർ ജേഴ്സിയും വിരമിക്കുന്നു..!

Sreejesh’s 16th Number Jersey: ടോക്യോ ഒളിമ്പികിലും പാരീസ് ഒളിമ്പിക്സിലും ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പി ആർ ശ്രീജേഷിന് ഇന്ത്യൻ ഹോക്കിയുടെ ആദരം. ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഗോൾക്കീപ്പറുമായ ശ്രീജേഷ് പാരീസ് ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പർ ജേഴ്സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ ബുധനാഴ്ച അറിയിച്ചു.

ശ്രീജേഷിന് അർഹിക്കുന്ന ആദരമാണ് ഇപ്പോൾ ഹോക്കി ഇന്ത്യ നൽകിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടോളം ശ്രീജേഷ് അണിഞ്ഞ 16-ാം നമ്പർ ജേഴ്സി ഇനി സീനിയർ ടീമിൽ ആർക്കും നൽകുകയില്ല. തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡൽ നേട്ടത്തോടെയാണ് അദ്ദേഹത്തിന്റെ വിരമിക്കൽ. ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ നിർണായകമായത് താരത്തിന്റെ മിന്നുന്ന പ്രകടനമാണ്. എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളിൽ 50 എണ്ണം സേവ് ചെയ്തു.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

Sreejesh’s 16th Number Jersey

കളിക്കളത്തിൽനിന്നു വിരമിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നൽകി. ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിൻ്റെ പരിശീലകനായി താരത്തെ ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം പാരീസിൽ ഈഫൽ ടവറിന് മുന്നിൽ മുണ്ട് മടക്കിക്കുത്തി, മെഡൽ കഴുത്തിലണിഞ്ഞ് തനി മലയാളി ലുക്കിലുള്ള ശ്രീജേഷിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.