Kerala Blasters Fc Updates

പുതിയ സ്‌ട്രൈക്കറുടെ സൈനിങ്‌ ഉടനെയുണ്ടാകും, പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി..!

Kerala Blasters Fc Updates: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ആരംഭിക്കാൻ പോവുകയാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തങ്ങളുടെ സ്‌ക്വാഡിനെ പൂർണമായും ഒരുക്കിയിട്ടില്ല. നിലവിലെ ടീമിലേക്ക് ഒരു വിദേശസ്‌ട്രൈക്കറെ കൂടിയെത്തിച്ച് വരാനിരിക്കുന്ന സീസണിനായി ഏറ്റവും മികച്ച രീതിയിൽ ഒരുങ്ങാനുള്ള പദ്ധതിയിലാണ് കൊമ്പന്മാർ.

ഏറെ നാളുകളായി കേരള ബ്ലാസ്റ്റേഴ്‌സ് പുതിയൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ട്. നിരവധി താരങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ഉയർന്നു വന്നിരുന്നു. എന്തായാലും ആരാധകർക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ എന്നാണ് ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ പറയുന്നത്.

Advertisement
whatsapp icon
Kerala Prime News അംഗമാവാൻ

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശസ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 48 മണിക്കൂറിനുള്ളിൽ അതിന്റെ വിവരങ്ങൾ പുറത്തു വരുമെന്നും മാർക്കസ് ഇന്നലെ ട്വിറ്ററിൽ കുറിച്ചു. ഇതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിലവിൽ ആറു വിദേശതാരങ്ങളുണ്ട്. അഡ്രിയാൻ ലൂണ, മിലോസ് ഡ്രിൻസിച്ച്, നോഹ സദോയി, അലക്‌സാണ്ടർ കൊയെഫ്, ക്വാമേ പെപ്ര, ജോഷുവ സോട്ടിരിയോ എന്നിവരാണ് ടീമിലെ വിദേശതാരങ്ങൾ. പുതിയ വിദേശതാരം വരുന്നതോടെ പെപ്രയുടെയോ സോട്ടിരിയോയുടെയോ സ്ഥാനം തെറിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പുതിയ വിദേശസ്‌ട്രൈക്കറുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നത് മോണ്ടിനെഗ്രോ താരമായ സ്റ്റീവൻ ജോവറ്റിക്, യുറുഗ്വായ് താരമായ ഫാകുണ്ടോ ബാഴ്‌സലോ എന്നിവരാണ്. കഴിഞ്ഞ സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് നേടിയ താരമായ ജോവറ്റിക്കിനെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് കേരള ബ്ലാസ്റ്റേഴ്‌സിന് ഇരട്ടി കരുത്ത് നൽകുമെന്ന കാര്യത്തിൽ സംശയമില്ല.