Site icon

ഒരിക്കൽ ‘കോൻ ബനേഗാ ക്രോർപതി’ വിജയി; പാൽ വിൽപ്പന നടത്തിയ കോടീശ്വരന്റെ ജീവിതം ഇങ്ങനെ.!

Kon Banega Crorepati Winner Susheel

Kon Banega Crorepati Winner Susheel: ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ജനപ്രീതി നേടിയ ഗെയിം ഷോകളില്‍ ഒന്നായ ‘കോന്‍ ബനേഗാ ക്രോര്‍പതി’യുടെ (കെബിസി) 16-ാം പതിപ്പ് ഇന്നലെ ആരംഭിച്ചു. അമിതാഭ് ബച്ചന്‍ അവതാരകനായ ഈ ഷോയിലെ വിജയികൾ പ്രേക്ഷകശ്രദ്ധ നേടിയവരാണ്. 2011ലെ വിജയിയായിരുന്ന സുശീല്‍ കുമാറിന്‍റെ കഥ ഏറെ വ്യത്യസ്തമാണ്. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ സുശീല്‍ കുമാറും അയാളുടെ ജീവിതവും ഒരിക്കല്‍ക്കൂടി സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയാവുകയാണ്. ബിഹാർ സ്വദേശിയായ സുശീൽ കുമാർ തന്റെ ജീവിതത്തെ എന്നത്തേക്കും മാറ്റിമറിച്ച കോൻ ബനേഗാ ക്രോർപതിയിൽ മത്സരിക്കാനെത്തുമ്പോൾ സംസ്ഥാന ഗ്രാമ വികസന വകുപ്പിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയി കരാർ അടിസ്ഥാനത്തിൽ ജോലിയിലായിരുന്നു.

5 കോടി രൂപയുടെ വിജയത്തിന് ശേഷം ആ ജോലി അദ്ദേഹം രാജിവച്ചു. 5 കോടി സമ്മാനത്തുകയിൽ നിന്നും നികുതി ഈടാക്കിയതിന് ശേഷം മൂന്നര കോടി കൈയിൽ കിട്ടിയിരുന്നു. സ്വന്തമായൊരു വീട് വെക്കുകയാണ് സുശീൽ ആ പണം കൊണ്ട് ആദ്യം ചെയ്‌തത്. ബാക്കി തുക ബാങ്കിൽ നിക്ഷേപിച്ചു. എന്നാൽ നാടകീയതകൾ നിറഞ്ഞ മുഹൂർത്തമാണ് മുന്നോട്ടുള്ള വഴിയിൽ ഇയാളെ കാത്തിരുന്നത്. സാമ്പത്തികമായ കാര്യങ്ങളെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലാതിരുന്ന ഈ 26കാരൻ ചില നിക്ഷേപങ്ങൾ നടത്തിയിരുന്നു. അതിൽ ഭൂരിഭാഗവും സുരക്ഷിതമല്ലാത്തവയായിരുന്നു. പ്രശസ്ത ടെലിവിഷൻ ഷോയിൽ വിജയി എന്നത് രാജ്യത്തെ നിരവധി പേരെ അദ്ദേഹത്തിന് മുന്നിലെത്തിച്ചു. ഏറെയും സാമ്പത്തിക സഹായം ചോദിച്ച് എത്തിയവരായിരുന്നു . വ്യക്തികൾ മാത്രമല്ല, സംഘടനകളും അയാൾക്ക് മുന്നിലെത്തി. ആവശ്യക്കാരെ സഹായിക്കുന്നതിൽ ആദ്യം സന്തോഷം കണ്ടെത്തിയെങ്കിലും സുശീലിന് പിന്നീട് അതൊരു ലഹരിയായി മാറി.

Kon Banega Crorepati Winner Susheel

ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്ന് പറയുന്നത് പോലെ തൻ്റെ സഹായങ്ങൾ പരസ്യപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചതുമില്ല. പിൽക്കാലത്ത് അദ്ദേഹം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അക്കാലത്ത് മാസത്തിൽ ആയിരത്തിലധികം യോഗങ്ങളിലും പരിപാടികളിലും താൻ പങ്കെടുത്തിരുന്നതായി പറയുന്നുണ്ട്. സഹായം അഭ്യർഥിച്ചു വന്നവരിൽ പലരും കബളിപ്പിക്കുകയായിരുന്നെന്ന് വൈകിയാണ് അദ്ദേഹം മനസിലാക്കിയത്. ജീവിതത്തിൽ പെട്ടെന്ന് സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങൾ കുടുംബ ജീവിതത്തെയും ബാധിച്ചു. ഭാര്യയുടെ പ്രധാന പരാതി സുശീലിന് നല്ലതും ചീത്തയും കണ്ടാൽ തിരിച്ചറിയില്ലെന്നായിരുന്നു. സ്വന്തം ജീവിതം സുരക്ഷിതമാക്കുന്നതിന് മുൻപേ മറ്റുള്ളവരെ സഹായിക്കുന്നതിനെ ഭാര്യ വിമർശിച്ചെങ്കിലും സുശീൽ അത് കാര്യമാക്കിയില്ല. അദ്ദേഹത്തിന്റെ വീട് സ്ഥിരം തർക്കങ്ങളുടെ കേന്ദ്രമായി. സംഘർഷങ്ങളിൽ നിന്നുള്ള മോചനമെന്ന നിലയിൽ ദില്ലിയിൽ എത്തുമായിരുന്ന സുശീലിന് അവിടുത്തെ കലാകാരന്മാരുടെയും അക്കാദമിസ്റ്റുകളുടെയും സംഘങ്ങളിൽ പ്രവേശനവുമുണ്ടായിരുന്നു.

ബുദ്ധിയെയും സർഗാത്മകതയെയും ഉദ്ദീപിപ്പിക്കുമെന്ന് സുശീൽ കരുതിയ ആ സംഘങ്ങൾ അദ്ദേഹത്തിന്റെ മദ്യപാന ശീലത്തെയാണ് വർധിപ്പിച്ചത്. ഒരു ഘട്ടം പിന്നിട്ടപ്പോഴേക്കും ബാങ്കിൽ ഉണ്ടായിരുന്ന നീക്കിയിരുപ്പ് അവസാനിച്ചു. ഉപജീവനത്തിനായി പാൽ വിൽപ്പനക്കാരന്റെ വേഷം കെട്ടുന്ന സുശീലിനെയാണ് ലോകം പിന്നീട് കാണുന്നത്. അക്കാലത്ത് ഒരു മാധ്യമ പ്രവർത്തകൻ സുശീലിനോട് അപ്പോഴത്തെ അയാളുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചിരുന്നു. ചോദ്യത്തിൽ അരിശം തോന്നിയ സുശീൽ തന്റെ യഥാർഥ ജീവിതം മുഴുവനായി അയാളോട് പറഞ്ഞു. എങ്ങനെയൊക്കെയാണ് പണം നഷ്ടമായതെന്നും ജീവിക്കാൻ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്നും പറഞ്ഞു. ‘ഒരിക്കൽ പണം ചോദിച്ചും സൗഹൃദം ഭാവിച്ചും അടുത്തെത്തിയവർ അയാളെ കാണുമ്പോൾ ഒഴിഞ്ഞുനടക്കുന്നു.’ അദ്ദേഹം കൂട്ടി ചേർത്തു. അടിസ്ഥാനപരമായി അറിവിലും സർഗാത്മകതയിലുമൊക്കെ വിശ്വസിച്ചിരുന്ന സുശീലിന് ജീവിതം തിരിച്ചു പിടിക്കാനായി.

2023 ഡിസംബറിൽ ബിഹാർ പബ്ലിക് സർവ്വീസ് അധ്യാപകരുടെ ഒഴിവിലേക്ക് നടത്തിയ പരീക്ഷയിൽ 119-ാം റാങ്ക് നേടി. ആറ് മുതൽ എട്ട് വരെ ക്ലാസുകളിലേക്കുള്ള സോഷ്യൽ സയൻസ് അധ്യാപകരുടെ തസ്തികയിലേക്കുള്ള പരീക്ഷയിൽ 1612-ാം റാങ്കും സുശീൽ നേടിയിരുന്നു. സൈക്കോളജിയിൽ എംഎയും ബിഎഡുമുള്ള സുശീൽ ബാബാ സാഹേബ് ഭീംറാവു അംബേദ്കർ ബിഹാർ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. പ്രകൃതിസ്നേഹി കൂടിയായ സുശീൽ കുമാർ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷമായി മരങ്ങൾ വച്ചുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ്. അധ്യാപനത്തിലൂടെ വിദ്യാർഥികളെ സ്വാധീനിക്കുന്ന ഒരു മികച്ച അധ്യാപകനാകണമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആഗ്രഹം.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version