Kwame Peprah in his last five matches for Kerala Blasters: പുതിയ സീസണിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ അഴിച്ചുപണികൾ ആരംഭിച്ചപ്പോൾ ക്ലബ് വിടാൻ സാധ്യതയുണ്ടായിരുന്ന താരങ്ങളിൽ ഒരാളായിരുന്നു കഴിഞ്ഞ വർഷം ടീമിലെത്തിയ ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്ര. താരത്തെ ലോണിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് അയക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നു.
തായ്‌ലൻഡിൽ വെച്ചുള്ള പ്രീ സീസൺ ട്രെയിനിങ് കഴിഞ്ഞതിനു ശേഷവും പെപ്ര ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ വന്നപ്പോൾ താരം വരുന്ന സീസണിൽ ടീമിലുണ്ടാകില്ലെന്ന് ഏവരും ഉറപ്പിച്ചിരുന്നു. എന്നാൽ അതിനിടയിൽ ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചപ്പോൾ തന്നെ വിട്ടു കൊടുക്കുന്നത് അബദ്ധമാകുമെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് പെപ്ര.
കഴിഞ്ഞ ദിവസം മുംബൈ സിറ്റിയുടെ റിസർവ് ടീമിനെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത എട്ടു ഗോളുകൾക്ക് വിജയം നേടിയപ്പോൾ ഹാട്രിക്ക് നേട്ടമാണ് പെപ്ര സ്വന്തമാക്കിയത്. ഇതോടെ പ്രീ സീസണിലെ സൗഹൃദമത്സരങ്ങൾ ഉൾപ്പെടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ആറു ഗോളും ഒരു അസിസ്റ്റുമാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ പെപ്ര നേടിയിരിക്കുന്നത്.
ചില കാര്യങ്ങളിൽ പരിമിതികൾ ഉണ്ടെങ്കിലും ബോക്‌സിനുള്ളിൽ താൻ വളരെയധികം അപകടകാരിയാണെന്ന് പെപ്ര ഈ മത്സരങ്ങളിലൂടെ തെളിയിച്ചു. താരത്തിന്റെ പ്രെസിങ് മികവ് കഴിഞ്ഞ സീസണിൽ എല്ലാവരും കണ്ടതും പ്രശംസിച്ചതുമാണ്. ഇത്രയും മികച്ച ഫോമിൽ നിൽക്കുന്ന താരത്തെ വിട്ടുകളയുന്നത് ബുദ്ധിപരമായ തീരുമാനം ആയിരിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.
Kwame Peprah in his last five matches for Kerala Blasters
📊 Kwame Peprah in his last five matches for Kerala Blasters 👇
— KBFC XTRA (@kbfcxtra) August 1, 2024
Goals: 6
Assist: 1#KBFC pic.twitter.com/9bDgsSdbPb
കഴിഞ്ഞ സീസണിൽ പെപ്ര ടീമിനോട് ഇണങ്ങിച്ചേരാൻ കുറച്ച് വൈകിയിരുന്നു. ഫോമിലെത്തിയപ്പോഴേക്കും പരിക്കേറ്റു താരം പുറത്തു പോവുകയും ചെയ്‌തു. ഈ സീസണിൽ അതിനു പരിഹാരമുണ്ടാക്കുമെന്ന് തന്റെ പ്രകടനം കൊണ്ട് പെപ്ര തെളിയിക്കുന്നു. എന്തായാലും ഡ്യൂറൻഡ് കപ്പിലെ ബാക്കി മത്സരങ്ങൾ കൂടി കഴിഞ്ഞേ താരത്തിന്റെ കാര്യത്തിൽ അവസാന തീരുമാനം എടുക്കുന്നുണ്ടാകൂ.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.