Passport Blocked Notification Scam: നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം താത്ക്കാലികമായി നിർത്തിയിരിക്കുന്നു, എന്ന സന്ദേശം ഫോണിൽ വന്നിട്ടുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.. പാസ്പോർട്ടിന്റെ മറപറ്റി പുത്തൻ തട്ടിപ്പുകാർ സജീവമാണ്.. പാസ്പോർട്ട് സസ്പെൻഡ് ചെയ്തതായി അറിയിച്ച് ലഭിക്കുന്ന എസ്.എം എസുകൾ വ്യാജനാണെന്നും അത്തരം എസ്എംഎസ് സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇതോടൊപ്പമുള്ള ലിങ്കിൽ പ്രവേശിക്കരുതെന്നും മുന്നറിയിപ്പുണ്ട്. പാസ്‌പോർട്ട് താത്ക്കാലികമായി റദ്ദായതിനാൽ യുഎഇയിൽനിന്ന് പുറത്തുപോകാനാവില്ലെന്ന് പറഞ്ഞാണ് സന്ദേശം. പ്രശ്‌നം പരിഹരിക്കുന്നതിന് ഇപ്പോഴത്തെ റെസിഡൻഷ്യൽ വിലാസം അറിയിക്കണമെന്നും അല്ലാത്ത പക്ഷം 50,000 ദിർഹം പിഴ ചുമത്തുകയും രാജ്യം വിടുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്നും സന്ദേശത്തിൽ പറയുന്നതായി ജിഡിആർഎഫ് അറിയിച്ചു.
റെസിഡൻഷ്യൽ അഡ്രസ് നൽകുന്നതിന് എന്ന വ്യാജേന ഒരു വെബ്സൈറ്റ് ലിങ്കും മെസേജിനൊപ്പം സംഘം അയക്കുന്നുണ്ട്. ഈ ലിങ്കിൽ കേറിയാൽ ആ വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതിന് സഹായിക്കുന്ന മാൽവെയറാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നൈജീരിയ (+234), എത്യോപ്യ (+251) എന്നിവിടങ്ങളിൽ നിന്നുള്ള നമ്പറുകളിൽ നിന്നാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ വരുന്നതെന്നും സംശയാസ്പദമായ ഇത്തരം സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ജിഡിആർഎഫ് അറിയിച്ചു.ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ പണം നൽകുകയോ ചെയ്യരുത്. പകരം ജിഡിആർഎഫ്എയുടെ ഔദ്യോഗിക നമ്പറുകളിൽ വിളിച്ച് സംശയ നിവാരണം വരുത്തണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കും പരാതികൾക്കും 8005111 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ജിഡിആർഎഫ്എ കൂട്ടിച്ചേർത്തു.
Passport Blocked Notification Scam
ഐസിപി ഓൺലൈൻ സേവനങ്ങൾ അംഗീകൃത വെബ്സൈറ്റുകളിലൂടെയും സ്മാർട്ട് ആപ്പിലൂടെയും മാത്രമാണ് ലഭിക്കുക. വേനൽ അവധിക്ക് വിദേശത്തേക്ക് പോകാൻ തയാറെടുക്കുന്ന സമയം ലഭിച്ച ഇത്തരം സന്ദേശങ്ങൾ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇതിന്റെ സത്യാവസ്ഥ അറിയാൻ ഒട്ടേറെ പേർ ഐസിപിയിലും ജിഡിആർഎഫ്എയിലും വിളിച്ച് അന്വേഷിച്ചതോടെയാണ് വ്യാജമാണെന്ന സ്ഥിരീകരിച്ച് അധികൃതർ രംഗത്ത് എത്തിയത്. ഐസിപിയോ ജിഡിആർഎഫ്എയോ അത്തരമൊരു സന്ദേശം ആർക്കും അയച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇത് കൂടാതെ ദുബായിൽ സാലികിന്റെ പേരിലും സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ദിവസേന പുതിയ രൂപത്തിൽ എത്തുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സാലിക് കാർഡിൽ മതിയായ തുകയില്ലാതെ ടോൾ ഗേറ്റ് കടക്കുന്നവർ 24 മണിക്കൂറിനകം പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പലർക്കും വ്യാജ എസ്എംഎസ് ലഭിച്ചത്. ദുബായ് പൊലീസിന്റെ പേരിലാണ് സന്ദേശം ലഭിച്ചതെങ്കിലും ഇതോടൊപ്പം പണം അടയ്ക്കാനായി അയച്ച ലിങ്ക് സൂക്ഷ്മമായി പരിശോധിക്കുന്നവർക്ക് വ്യാജമാണെന്ന് മനസ്സിലാക്കാനാകും. എന്നാൽ സന്ദേശം വിശദമായി വായിക്കാത്തവരും ഒപ്പമുള്ള ലിങ്ക് വ്യാജമാണോ എന്ന് പരിശോധിക്കാത്തവർക്കുമാണ് പണം നഷ്ടപ്പെട്ടത്.
സമീപകാലത്ത് സൈബർ തട്ടിപ്പുകൾ 43% വർധിച്ചതായി സൈബർ സുരക്ഷാ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ സുരക്ഷാ സോഫ്റ്റ് വെയറുകളും സംവിധാനങ്ങളും ഉപയോഗിച്ച് സുരക്ഷ വർധിപ്പിക്കണമെന്നും നിലവിലെ സോഫ്റ്റ് വെയറുകൾ യഥാസമയം അപ്ഡേറ്റ് ചെയ്യണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നൂറിലേറെ സൈബർ തട്ടിപ്പുകാരെയും ഹാക്കർമാരെയും സുരക്ഷാ സേന പിടികൂടിയിരുന്നു. കോൾ സെന്ററുകൾ അടക്കം വിപുലമായ സന്നാഹങ്ങളോടെ നടത്തുന്ന തട്ടിപ്പുകൾക്കിരയായി പ്രവാസികൾ ഉൾപ്പെടെ നിരവധി നിവാസികൾക്ക് വൻ തുകകൾ നഷ്ടമായതായാണ് റിപ്പോർട്ട്. ഇവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്. സൈബർ തട്ടിപ്പുകാർക്കെതിരേ കർശനമായ നിയമമാണ് യുഎഇയിലേതെന്നും പിടിക്കപ്പെടുന്നവർക്കെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ജിഡിആർഎഫ്എ അറിയിച്ചു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.