T20 New Vice Captain Selection: ഇന്ത്യൻ ടി20 യിൽ പുതിയ ടീമിൻ്റെ സ്ഥിരം ക്യാപ്റ്റനായി 360 ബാറ്ററായ സൂര്യകുമാർ യാദവിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് ശർമ ഈ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യക്കു ഈ റോളിലേക്കു പുതിയൊരാളെ ആവശ്യമായി വന്നിരിക്കുന്നത്. വൈസ് ക്യാപ്റ്റനും സ്റ്റാർ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയായിരുന്നു നായകസ്ഥാനത്തേക്കു വരേണ്ടിയിരുന്നത്. പക്ഷെ ഫിറ്റ്നസ് പ്രശ്‌നങ്ങൾ അദ്ദേഹത്തിനു തിരിച്ചടിയായിരിക്കുകയാണ്.
2026ലെ അടുത്ത ടി20 ലോകകപ്പ് വരെ ഈ ഫോർമാറ്റിൽ ഇന്ത്യയെ സൂര്യ തന്നെ നയിക്കുമെന്നാണ് വിവരം. നേരത്തേ ഹാർദിക് ടി20 ടീമിനെ നയിച്ചിരുന്നപ്പോൾ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. ക്യാപ്റ്റന്റെ റോളിലേക്കു സൂര്യക്കു പ്രൊമോഷൻ ലഭിക്കുകയാണെങ്കിൽ പുതിയ വൈസ് ക്യാപ്റ്റനായി ആരു വരുമെന്നതാണ് ചോദ്യം. ഇതിനു സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്നു നോക്കാം. സൂപ്പർതാരവും യുവ ഓപ്പണറുമായ ശുഭ്‌മൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻസി ലഭിക്കാൻ സാധ്യത പട്ടികയിൽ ഉള്ളയാൾ. അടുത്തിടെ സമാപിച്ച സിംബാബ്‌വെയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിൽ സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് അദ്ദേഹമാണ്. 4-1നു പരമ്പര ഇന്ത്യക്കു നേടിത്തരാനും ഗില്ലിനായിരുന്നു. ക്യാപ്റ്റന്റെ റോളിൽ ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തിയത്.
ഭാവിയിൽ ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനായി വരാനിടയുള്ള താരം കുടിയാണ് ഗിൽ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല മൂന്നു ഫോർമാറ്റുകളിലും അദ്ദേഹം ഇപ്പോൾ ടീമിലെ സ്ഥിരം സാന്നിധ്യമായും മാറിയിരിക്കുകയാണ്. അതിനാൽ തന്നെ ടി20യിൽ വൈസ് ക്യാപ്റ്റൻസി നൽകി ഗില്ലിനെ ഉയർത്തിക്കൊണ്ടുവരാനും ഇന്ത്യ ശ്രമിച്ചേക്കും. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റൻസി ലഭിക്കാനിടയുള്ള രണ്ടാമത്തെയാൾ. ഈ റോൾ ഏറ്റവുമധികം അർഹിക്കുന്ന താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം. ടെസ്റ്റിൽ നിലവിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ബുംറ. ടി20 പരമ്പരയിൽ ഒരു പ്രാവശ്യം ഇന്ത്യയെ നയിക്കുകയും ചെയ്തിട്ടുള്ള ആളാണ്.
മലയാളി താരം സഞ്ജു സാംസണും വൈസ് ക്യാപ്റ്റൻ്റെ റോളിലേക്കു മികച്ചൊരു ഓപ്ഷനാണ്. അടുത്തിടെ സമാപിച്ച സിംബാബ്‌വെയുമായുള്ള പരമ്പരയിൽ വൈസ് ക്യാപ്റ്റൻസി ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. പക്ഷെ ടി20 ടീമിൽ തന്റെ സ്ഥാനം ഇപ്പോഴും ഉറപ്പില്ലെന്നത് സഞ്ജുവിന്റെ ഒരു പോരായ്‌മ തന്നെയാണ്. റിഷഭ് പന്തിനാണ് ഈ റോളിൽ പ്രഥമ പരിഗണന. പക്ഷെ 70ലധികം ടി20കളിൽ കളിച്ചിട്ടും റിഷഭിനു പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താനായില്ല. അതുകൊണ്ടു തന്നെ റിഷഭിനു പകരം സഞ്ജുവിനെ ഇന്ത്യക്കു ടി20യിൽ സ്ഥിരം വിക്കറ്റ് കീപ്പറാക്കാവുന്നതാണ്. പുതിയ കോച്ച് ഗൗതം ഗംഭീറിനു ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളും കൂടിയാണ് സഞ്ജു. അതുകൊണ്ട് തന്നെ ടി20യിൽ ഇനി അദ്ദേഹത്തിനു കൂടുതൽ അവസങ്ങളും ലഭിക്കാം. ഇവ മുതലാക്കി ടീമിൽ സ്ഥാനമുറപ്പിക്കാനായാൽ സഞ്ജുവിനെ തേടി വൈസ് ക്യാപ്റ്റൻസിയും എത്തിയേക്കും എന്നാണ് വിവരങ്ങൾ.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.