Site icon

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പ്രതികരണവുമായി സംവിധായകൻ വിനയൻ..!

Vinayan About Hema Committee Report

Vinayan About Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നതിന് പിന്നാലെയാണ് അതിനു പ്രതികരണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് വിനയൻ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ തകര്‍ത്തെന്ന് വിനയൻപറയുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് വിനയൻ ഉയർത്തുന്നത്.തൊഴില്‍ വിലക്കിന്റെ മാഫിയവയ്ക്കരണം മലയാള സിനിമയിലെ ഗൗരവതരമായ പ്രശ്‌നമാണെന്ന് വിനയന്‍ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

സംവിധായകൻ വിനയന്റെ കുറിപ്പ് ഇങ്ങനെ:ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ. നിങ്ങളുടെ മുഖം വികൃതമല്ലേ? സിനിമയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്..

അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൗരവതരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്റെ മാഫിയാ വൽക്കരണം. ആ ഉമ്മാക്കിയാണല്ലോ ഈ പീഡനങ്ങളുടെ എല്ലാം ബ്ലാക്മെയിൽ തന്ത്രം. വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എന്റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ.. ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറയാൻ ഏതു ജൂനിയർ ആർട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയിൽ ഉണ്ടായതിന്റെ രണ്ടാം വർഷം നിങ്ങൾ അതിനെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്?

Vinayan About Hema Committee Report

അവിടെ നിന്നല്ലേ ഈ തെമ്മാടിത്തരങ്ങളുടേയും ആധുനിക സിനിമാ ഗുണ്ടയിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുൽ മലീമസമാക്കാൻ തുടങ്ങിയത്? 2008 ജൂലൈയിൽ എറണാകുളം സരോവരം ഹോട്ടലിൽ നിങ്ങൾ സിനിമാ തമ്പുരാക്കൻമാർ എല്ലാം ഒത്തു ചേർന്ന് തകർത്തെറിഞ്ഞ “മാക്ട ഫെഡറേഷൻ”എന്ന സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ. സംഘടന തകർത്തിട്ടും വൈരാഗ്യം തീരാഞ്ഞ നിങ്ങൾ എന്നെയും വിലക്കി. നേരത്തേ നിങ്ങളുടെ കണ്ണിലെ കരടായിരുന്ന തിലകൻ ചേട്ടൻ വിനയന്റെ ഭാഗത്താണ് ന്യായം എന്നു പറഞ്ഞതോടെ അദ്ദേഹത്തെയും നിങ്ങൾ വിലക്കി പുറത്താക്കി. അദ്ദേഹത്തിന്റെ മരണശേഷം ഞാൻ നിങ്ങടെ വിലക്കിനെതിരെ കോടതിയിൽ പോയി. കോമ്പറ്റീഷൻ കമ്മീഷൻ നിങ്ങൾക്കെതിരെ വിധിച്ചു. കോടികൾ മുടക്കി നിങ്ങൾ സുപ്രീം കോടതി വരെ പോയി കേസു വാദിച്ചപ്പോൾ എതിർഭാഗത്ത് ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു. പക്ഷേ സത്യം എന്റെ ഭാഗത്തായിരുന്നു. അമ്മ സംഘടനയ്ക്കു നാലു ലക്ഷം രൂപയാണ് ഫൈൻ അടിച്ചത്.

ഫെഫ്കയുൾപ്പടെ മറ്റ് സംഘടനകൾക്കും പല പ്രമുഖർക്കും പിഴ അടക്കേണ്ടി വന്നു ചില പ്രമുഖ നടൻമാർ ശിക്ഷയിൽ നിന്നും സാങ്കേതികത്വം പറഞ്ഞ് രക്ഷപ്പെട്ടു എന്നത് സത്യമാണ്. വീണ്ടും തെളിവുകളുമായി അവരുടെ പുറകേ പോകാനൊന്നും ഞാൻ നിന്നില്ല. എനിക്ക് എന്റെ ഭാഗം സത്യമാണന്ന് ജനങ്ങളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. പക്ഷേ തൊഴിൽ വിലക്കിനും സിനിമയിലെ മാഫിയാ വൽക്കരണത്തിനും എതിരെ വന്ന ആ സുപ്രീംകോടതി വിധി അന്ന് നമ്മുടെ മീഡിയകൾ ഒന്നും വേണ്ട വിധത്തിൽ ചർച്ച ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ പ്രമുഖർക്ക് അന്നു മീഡിയകളെ കുറച്ചുകൂടി കൈപ്പിടിയിൽ ഒതുക്കുവാൻ കഴിഞ്ഞിരുന്നു എന്നതാണ് സത്യം..

വിമർശിക്കുന്നതിന്റെ പേരിൽ ഫാൻസുകാരെക്കൊണ്ട് we Hate Vinayan എന്ന online അക്കൗണ്ട് ഉണ്ടാക്കി എന്നെ തകർക്കാൻ ശ്രമിച്ച വീരൻമാരാണ് ഇന്നു സമൂഹത്തിന്റെ മുന്നിൽ ഉടുതുണി ഇല്ലാതെ നിൽക്കുന്നത്.. ഇതു കാലത്തിന്റെ കാവ്യ നീതിയാണ്. മാക്ട ഫെഡറേഷൻ അന്ന് ഉണ്ടാക്കിയപ്പോൾ പ്രധാനമായും ഉണ്ടാക്കിയ യൂണിയൻ ജൂണിയർ ആർട്ടിസ്ററുകൾക്കു വേണ്ടി ആയിരുന്നു.. അവിടെ സ്ത്രീകളായ ആർട്ടിസ്റ്റുകൾക്ക് പ്രത്യേക പരിരക്ഷക്ക് തീരുമാനങ്ങൾ എടുത്തിരുന്നു.

ജുനിയർ ആർട്ടിസ്റ്റുകളെ സിനിമയിൽ എത്തിക്കുന്ന ഏജന്റുമാർക്ക് കർശന നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. ചെറിയ ആർട്ടിസ്റ്റുകളേയും തൊഴിലാളികളേയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന താരങ്ങളേയും സംവിധായകരേയും പരസ്യമായി മാക്ട ഫെഡറേഷൻ വിമർശിക്കുമായിരുന്നു. അങ്ങനെ ഒരു സംഘടന ഇവിടുത്തെ താരപ്രമുഖർക്കും സൂപ്പർ സംവിധായകർക്കും അവരുടെ ഉപജാപകവൃന്ദത്തിൽ പെട്ട നിർമ്മാതാക്കൾക്കും കണ്ണിലെ കരടായി.. അങ്ങനെ അവരെല്ലാം എറണാകുളം സരോവരം ഹോട്ടലിൽ ഒത്തു ചേർന്ന് ആ സംഘടനയെ ആവേശത്തോടെ തകർത്തെറിഞ്ഞു.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version