Site icon

കേരളത്തിൻ്റെ അഭിമാന പദ്ധതി: വാട്ടർസല്യൂട്ടോടെ വിഴിഞ്ഞത്ത് ആദ്യ മദർ ഷിപ്പിന് സ്വീകരണം..!

Vizhinjam First Mothership

Vizhinjam First Mothership: വിഴിഞ്ഞം എന്ന കേരളത്തിൻ്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പൽ എത്തി. വാട്ടർ സല്യൂട്ടോടെ ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാൺഡോയെന്ന കപ്പലിനെ സ്വീകരിച്ചു. കണ്ടെയ്‌നറുകളുമായാണ് കപ്പലെത്തിയത്. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെൻ്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നൽകും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുക്കും.

ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ എംഎസ്സിയുടെ ഏറ്റവും വലിയ കപ്പലാണ് വിഴിഞ്ഞത്ത് എത്തുന്നത്. വിഴിഞ്ഞം തുറമുഖത്തിന് 20 മീറ്റർ ആഴമാണുള്ളത്. ഏത് പടുകൂറ്റൻ കപ്പലിലും ഇവിടേയ്ക്കെത്തി നങ്കൂരമിടാൻ സാധിക്കും. 2000 കണ്ടെയ്നറുകളാണ് സാൻഫെർണാണ്ടോയിൽ നിന്ന് ഇന്ന് തുറമുഖത്തേയ്ക്ക് ഇറക്കുക. കപ്പലിനുള്ളിലെ 400 കണ്ടെയ്നർ നീ ക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനവും കപ്പൽ പ്രയോജനപ്പെടുത്തും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തികരിച്ചിരിക്കുന്നത്. പൂർണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് കണ്ടെയ്നറുകൾ ഇറക്കിവെയ്ക്കുക.

Vizhinjam First Mothership

പൂർണതോതിൽ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയൽറണ്ണാണ് ഇന്ന് നടക്കുക. ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. മൂന്നുമാസത്തിനുള്ളിൽ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.ചൈനയിൽ നിന്നെത്തിക്കുന്ന കണ്ടെയ്നറുകൾ അടുത്ത ദിവസങ്ങളിൽ തുറമുഖത്തെത്തുന്ന കപ്പലുകളിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർവരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. പി.പി.പി. മാതൃകയിൽ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്. 1940കളുടെ തുടക്കത്തിലാണ് വിഴിഞ്ഞത്ത് പുതിയ തുറമുഖം എന്ന ആലോചന വരുന്നത്. അന്ന് മുൻകൈയെടുത്തത് തിരുവിതാംകൂർ ദിവാനായ രാമസ്വാമി അയ്യർ. ജനാധിപത്യ ഭരണം വന്നതോടെ ആലോചന അപ്പാടെ അവസാനിച്ചു.

1996 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ. കെ നായനാർ വീണ്ടും തുറമുഖം എന്ന ആശയം മുന്നോട്ടുവച്ചു. 2000 ത്തിൽ പദ്ധതിയെ കുറിച്ച് പഠനം ആരംഭിച്ചു. 2009-2010 വർഷം പഠനപരമ്പരകൾ നടന്നു. ഭൂവുടമ മാതൃകയിൽ പദ്ധതി ഏറ്റെടുക്കാൻ തീരുമാനമായി. 2013-ൽ കേന്ദ്രസർക്കാരിൻ്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. 2015 യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കരാർ അദാനിക്ക് നൽകി. ഒടുവിൽ 2015 ഡിസംബറിൽ സ്വപ്നപദ്ധതിക്ക് നിർമ്മാണ തുടക്കം. ആയിരം ദിനങ്ങൾ കൊണ്ട് ആദ്യത്തെ കപ്പൽ വിഴിഞ്ഞത്തുമെന്ന് അന്നത്തെ പ്രഖ്യാപനം. 2017ൽ ഓഖി ചുഴലിക്കാറ്റ് നിർമ്മാണ പ്രവർത്തനങ്ങളെ പുറകോട്ടടിച്ചു. പിന്നാലെ കൊവിഡ് എത്തി. ഇതിനിടയിൽ പ്രതിഷേധങ്ങൾ ഒരുവഴിക്ക് നടന്നു. ഒടുവിൽ 2023 ഒക്ടോബറിൽ വിഴിഞ്ഞത്തേക്കുള്ള ക്രെയിനുമായി ഷെൻഹുവാ 15 തുറമുഖത്ത് നങ്കൂരമിട്ടു. ഏറ്റവും ഒടുവിൽ മദർ ഷിപ്പായ സാൻഫെർണാണ്ടോയും.

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Exit mobile version