ശരീരത്തിന് നിരവധി വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഓരോന്നിനും അതിന്റേതായ ഗുണങ്ങളും പ്രവർത്തനങ്ങളും ഉണ്ട്. അത്തരത്തിൽ ശരീരത്തിന് അവശ്യം വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. ശരീരത്തിൽ മുന്നൂറിലധികം ജൈവരാസപ്രവർത്തനങ്ങളിലാണ് മഗ്നീഷ്യം ഉൾപ്പെടുന്നത്രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഊർജ്‌ജോൽപ്പാദനം എന്നിവയും ഇതിൽ ഉണ്ട്.നട്‌സ്, സീഡ്‌സ്, മുഴുധാന്യങ്ങൾ എന്നീ ഭക്ഷണങ്ങളിൽ നിന്ന് മഗ്നീഷ്യം കിട്ടും. അല്ലെങ്കിൽ മഗ്നീഷ്യം സപ്ലിമെൻ്റുകൾ എടുക്കാം. എല്ലുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സ്ട്രെസ്സ് അകറ്റാനും മഗ്നീഷ്യം സഹായിക്കും. വളരെ പ്രധാനപ്പെട്ട ഒരു ധാതുവായ മഗ്നീഷ്യത്തിന്റെ അഭാവം, പേശിവേദന, ക്ഷീണം ഇവയ്ക്കു കാരണമാകും. ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതയും കൂട്ടും. അതുകൊണ്ടുതന്നെ ശരീരത്തിലെ മഗ്നീഷ്യത്തിൻ്റെ അളവ് പരിശോധിക്കണം.
പേശികളുടെ പ്രവർത്തനം
പേശികളുടെ സങ്കോചത്തിനും വികാസത്തിനും മഗ്നീഷ്യം പ്രധാന പങ്കുവഹിക്കുന്നു. പേശികളിലെ കാത്സ്യത്തിന്റെ അളവ് നിലനിർത്തി പേശിവേദന തടയുന്നു. ശാരീരിക ക്ഷമത ആവശ്യമുള്ള ആളുകൾക്കും കായിക താരങ്ങൾക്കും മഗ്നീഷ്യം ആവശ്യമാണ്.

എല്ലുകളുടെ ആരോഗ്യം
ശരീരത്തിലെ മഗ്നീഷ്യത്തിന്റെ 60 ശതമാനവും എല്ലുകളിലാണ് ശേഖരിക്കപ്പെടുന്നത്. കാൽസ്യത്തിന്റെയും വൈറ്റമിൻ ഡിയുടെയും ആഗീരണത്തെയും ഉപാപചയ പ്രവർത്തനത്തെയും ഇത് സഹായിക്കുന്നു. ആരോഗ്യവും ശക്തിയുമുള്ള എല്ലുകൾക്ക് കാൽസ്യവും വൈറ്റമിൻ ഡിയും ആവശ്യമാണ്. ഇത് ഓസ്റ്റിയോ പോറോസിസിനുള്ള സാധ്യത കുറയ്ക്കുന്നു.
മെച്ചപ്പെട്ട ഹൃദയാരോഗ്യം
മഗ്നീഷ്യം, രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദയമിടിപ്പ് ക്രമപ്പെടുത്തുകയും ചെയ്യും. ഇത് ഹൃദയധമനികൾക്ക് കട്ടികൂട്ടുന്നതിനെ തടയുന്നു. ഇതുവഴി രക്‌താതിമർദം, ഹൃദയസംബന്ധമായ രോഗങ്ങളായ ഹൃദയാഘാതം, അരിത്മിയ, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഇൻസുലിന്റെ പ്രവർത്തനങ്ങളെയും ഗ്ലൂക്കോസിന്റെ ഉപാചയ പ്രവർത്തനങ്ങളെയും മഗ്നീഷ്യം സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം ഉള്ളവർക്ക് ഇത് ഏറെ ഗുണകരമാണ്. മഗ്നീഷ്യം ആവശ്യത്തിന് ശരീരത്തിലുള്ളത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഇൻഫ്ലമേഷൻ കുറയ്ക്കുന്നു
മഗ്നീഷ്യത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ഹൃദ്രോഗം, സന്ധിവാതം, ഉപാപചയരോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇൻഫ്ലമേഷന്റെ സൂചകങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു. കോശങ്ങളുടെ ആരോഗ്യം നിലനിർത്താനും ഓക്‌സീകരണ സമ്മർദ്ദം കുറയ്ക്കാനും മഗ്നീഷ്യം സഹായിക്കുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.