Pradhan Mantri Mudra Yojana : സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടോ? എന്നാൽ പണത്തിന്റെ കുറവ് തടസ്സമാകുന്നുണ്ടോ? ചെറുകിട സംരംഭകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രാ യോജന (PMMY). ഈ പദ്ധതിയിലൂടെ അർഹരായ അപേക്ഷകർക്ക് ബിസിനസ് ആവശ്യങ്ങൾക്കായി ₹20 ലക്ഷം വരെ വായ്പ ലഭിക്കാനുള്ള അവസരമുണ്ട്. 2015 ഏപ്രിൽ 8-ന് ആരംഭിച്ച ഈ പദ്ധതി ചെറുകിട സംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. വ്യാപാരം, സേവന മേഖല, ചെറുകിട ഉൽപ്പാദനം, കോഴിവളർത്തൽ, ക്ഷീരോൽപ്പാദനം, തേനീച്ച വളർത്തൽ തുടങ്ങിയ വരുമാനം നേടാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് വായ്പ പ്രയോജനപ്പെടുത്താം.
നാല് വിഭാഗങ്ങളിലായി വായ്പ
പ്രധാനമന്ത്രി മുദ്രാ യോജനയിൽ വായ്പകൾ നാല് വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്.
ശിശു (Shishu): ₹50,000 വരെ വായ്പ ലഭിക്കാവുന്ന വിഭാഗം.
കിഷോർ (Kishor): ₹50,000-ന് മുകളിൽ ₹5 ലക്ഷം വരെ വായ്പ.
തരുൺ (Tarun): ₹5 ലക്ഷത്തിന് മുകളിൽ ₹10 ലക്ഷം വരെ വായ്പ.
തരുൺ പ്ലസ് (Tarun Plus): ₹10 ലക്ഷത്തിന് മുകളിൽ ₹20 ലക്ഷം വരെ വായ്പ ലഭിക്കാവുന്ന വിഭാഗം. എന്നാൽ, മുമ്പ് തരുൺ വിഭാഗത്തിൽ വായ്പയെടുത്ത് വിജയകരമായി തിരിച്ചടച്ച സംരംഭകർക്കാണ് ഈ വിഭാഗത്തിൽ വായ്പയ്ക്ക് അപേക്ഷിക്കാനാകുക.
ആർക്കൊക്കെ അപേക്ഷിക്കാം?
ബിസിനസ് ആരംഭിക്കാനോ നിലവിലുള്ള ചെറുകിട സംരംഭം വികസിപ്പിക്കാനോ പദ്ധതിയുള്ള അർഹരായ വ്യക്തികൾക്ക് വായ്പയ്ക്കായി അപേക്ഷിക്കാം. ബാങ്കുകൾ, നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (NBFCs), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ തുടങ്ങിയ അംഗീകൃത വായ്പാദാതാക്കളിലൂടെയാണ് വായ്പ ലഭിക്കുന്നത്. പദ്ധതിയിൽ ഈടുവയ്ക്കേണ്ട ആസ്തി ആവശ്യപ്പെടാത്ത വായ്പാ സൗകര്യമുണ്ട്. എന്നാൽ, വായ്പ അനുവദിക്കണമോ, എത്ര തുക അനുവദിക്കണമോ എന്നത് അപേക്ഷകന്റെ യോഗ്യതയും വായ്പാദാതാവിന്റെ നിബന്ധനകളും അനുസരിച്ചായിരിക്കും.
എങ്ങനെ അപേക്ഷിക്കാം?
അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടുകയോ ജൻ സമർഥ് പോർട്ടൽ സന്ദർശിക്കുകയോ ചെയ്യാം. ബിസിനസ് പദ്ധതി, തിരിച്ചറിയൽ രേഖകൾ, ആവശ്യമായ മറ്റ് രേഖകൾ എന്നിവ തയ്യാറാക്കി വായ്പാ നടപടികൾക്കായി ബന്ധപ്പെടുക. പലിശനിരക്കും തിരിച്ചടവ് കാലാവധിയും വായ്പ നൽകുന്ന സ്ഥാപനത്തിന്റെ നിബന്ധനകൾ അനുസരിച്ച് വ്യത്യാസപ്പെടാം. Pradhan Mantri Mudra Yojana
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




