Child Cries When He Rescued From The Kidnapper: തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാവാതെ കരയുന്ന രണ്ടു വയസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അമ്മയുടെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിച്ചിട്ടും തട്ടിക്കൊണ്ടു പോയ ആളിനൊപ്പം തിരിച്ചു പോകാനായി പൊട്ടിക്കരയുകയാണ് പൃഥ്വി. പൃഥ്വി എന്ന കുട്ടി തന്നെ തട്ടിക്കൊണ്ടുപോയ തനൂജ് ചഹറിനൊപ്പമാണ് കഴിഞ്ഞ 14 മാസമായി താമസിച്ചിരുന്നത്.
കുട്ടിയുടെ ബന്ധുവാണ് തനൂജ് എന്ന യുവാവ്. ഇയാൾ സസ്പെൻഡ് ചെയ്യപ്പെട്ട ഒരു ഹെഡ് കോൺസ്റ്റബിൾ ആണ്. പൃഥ്വിക്കും പൃഥ്വിയുടെ അമ്മയായ പൂനം ചൗധരിക്കുമൊപ്പം ജീവിക്കാൻ അതിയായ ആഗ്രഹമാണ് തനൂജിനുണ്ടായിരുന്നത്. എന്നാൽ പൂനം ഇതിന് സമ്മതിച്ചിരുന്നില്ല. പൂനം ചൗധരിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു.
2023 ജൂൺ 14 ന് ജയ്പൂർ ജില്ലയിലെ സംഗനേർ എന്ന പ്രദേശത്ത് നിന്നും തനൂജും കൂട്ടാളികളും ചേർന്ന് 11 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തനൂജ് പൃഥ്വിയെ ഒരിക്കലും ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ നോക്കുകയും വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുകയും ചെയ്തു. തനൂജും കുഞ്ഞും തമ്മിൽ വേർപിരിയാനാവാത്ത വിധത്തിലുള്ള ബന്ധം ഉടലെടുക്കുകയും ചെയ്തു. പൊലീസ് തിരിച്ചറിയാതിരിക്കാൻ മുടിയും താടിയും വളർത്തി ഒരു സന്യാസിയെ പോലെയാണ് തനൂജ് ചാഹർ താമസിച്ചിരുന്നത്.
പൊലീസ് നടപടികളെക്കുറിച്ച് വ്യക്തമായി അറിയുന്നതിനാൽ ഒളിവിൽ കഴിയുമ്പോൾ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ സ്‌ഥലം മാറുകയും ആരുമായും അടുക്കാതിരിക്കുകയും ചെയ്തു. ഓഗസ്റ്റ് 27ന് തനൂജ് അലിഗഡിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി. കുട്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയിൽ നിന്നും കുട്ടിയെ തിരിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ അയാളെ വിടാതെ കെട്ടിപ്പിടിച്ചു കരയുകയാണ് കുട്ടി. ഇതുകണ്ട് തനൂജും വികാരനിർഭരനാവുന്നു. കുട്ടിയെ പ്രതിയിൽ നിന്ന് ബലമായി വേർപെടുത്തുകയും അമ്മയ്ക്ക് നൽകുകയും ചെയ്തുവെങ്കിലും കുട്ടി കരച്ചിൽ തുടർന്നു കൊണ്ടേയിരുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.