AICTE Pragati Scholarship Scheme : സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഉന്നതവിദ്യാഭ്യാസം നേടാൻ പ്രയാസപ്പെടുന്ന പെൺകുട്ടികൾക്ക് സഹായകരമാകുന്ന കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് പദ്ധതിയാണ് AICTE പ്രഗതി സ്കോളർഷിപ്പ്. സാങ്കേതിക വിദ്യാഭ്യാസം നേടുന്ന വിദ്യാർഥിനികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പഠനച്ചെലവുകൾക്ക് സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE), കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ നടപ്പാക്കുന്ന പദ്ധതിയാണ്.
ഇതിലൂടെ അർഹരായ വിദ്യാർഥിനികൾക്ക് വർഷം ₹50,000 വരെ സ്കോളർഷിപ്പ് ലഭിക്കാം. കോളേജ് ഫീസ്, പുസ്തകങ്ങൾ, കമ്പ്യൂട്ടർ, പഠനോപകരണങ്ങൾ, സോഫ്റ്റ്വെയർ തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഈ തുക വിനിയോഗിക്കാം. AICTE അംഗീകാരമുള്ള സ്ഥാപനങ്ങളിൽ സാങ്കേതിക ഡിഗ്രി കോഴ്സിന്റെ ഒന്നാം വർഷത്തിലോ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലോ പ്രവേശനം നേടിയ വിദ്യാർഥിനികൾക്ക് ഡിഗ്രി വിഭാഗത്തിൽ അപേക്ഷിക്കാം.
സാങ്കേതിക ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന അർഹരായ വിദ്യാർഥിനികൾക്കായി പ്രത്യേക വിഭാഗവുമുണ്ട്. ഒരു കുടുംബത്തിൽ പരമാവധി രണ്ട് പെൺകുട്ടികൾക്ക് പദ്ധതിയുടെ ആനുകൂല്യം നേടാം. കുടുംബത്തിന്റെ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുമായി ₹8 ലക്ഷത്തിൽ കവിയരുത്. അർഹതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരിൽ നിന്ന് മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് വിദ്യാർഥിനികളെ തിരഞ്ഞെടുക്കുന്നത്.
ഒന്നാം വർഷത്തിൽ പ്രവേശിച്ചവർക്ക് പരമാവധി നാല് വർഷവും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിൽ പ്രവേശിച്ചവർക്ക് പരമാവധി മൂന്ന് വർഷവും ആനുകൂല്യം ലഭിക്കാം. തുടർന്നുള്ള വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതിന് പദ്ധതിയുടെ പുതുക്കൽ നിബന്ധനകൾ പാലിക്കണം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ദേശീയ സ്കോളർഷിപ്പ് പോർട്ടലായ https://scholarships.gov.in/ സന്ദർശിച്ച് AICTE പ്രഗതി സ്കോളർഷിപ്പ് വിഭാഗം തിരഞ്ഞെടുക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യത, ആവശ്യമായ രേഖകൾ, സ്ഥാപനത്തിന്റെ അംഗീകാരം, അപേക്ഷാ സമയപരിധി എന്നിവ ഔദ്യോഗിക പോർട്ടലിൽ പരിശോധിക്കുക. AICTE Pragati Scholarship Scheme
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




