Kerala Self Employment Scheme for the Registered Unemployed : തൊഴിൽരഹിതരായി കഴിയുന്ന യുവതീയുവാക്കൾക്ക് സ്വന്തമായി ഒരു സംരംഭം ആരംഭിച്ച് വരുമാനം കണ്ടെത്താൻ അവസരമൊരുക്കുകയാണ് കേരള സർക്കാർ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും ജോലി ലഭിക്കാത്തവർക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് KESRU അഥവാ കേരള സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോർ രജിസ്റ്റേർഡ് അൺഎംപ്ലോയ്ഡ്. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിയിലൂടെ വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. അനുവദിക്കുന്ന വായ്പയുടെ 20 ശതമാനം സർക്കാർ സബ്സിഡിയായി നൽകും. അതായത്, ഒരു ലക്ഷം രൂപയുടെ വായ്പ ലഭിച്ചാൽ 20,000 രൂപ സബ്സിഡിയായി ലഭിക്കും. ബാക്കി 80 ശതമാനം ബാങ്കിന്റെ നിബന്ധനകൾ അനുസരിച്ച് തിരിച്ചടയ്ക്കണം. ഗുണഭോക്താവിന്റെ സ്വന്തം വിഹിതം നിർബന്ധമല്ല എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ പങ്കാളിയോ മാതാപിതാക്കളോ ജാമ്യം നിൽക്കേണ്ടതുണ്ട്.
21 മുതൽ 50 വയസ്സുവരെയുള്ള തൊഴിൽരഹിതർക്കാണ് പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയുക. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സജീവ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിദ്യാർഥികൾക്ക് പദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയില്ല. തിരഞ്ഞെടുക്കുന്ന സംരംഭത്തിന് അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രൊഫഷണൽ, സാങ്കേതിക യോഗ്യതയുള്ളവർ, ഐ.ടി.ഐ, ഐ.ടി.സി പഠനം പൂർത്തിയാക്കിയവർ, ബിരുദധാരികളായ വനിതകൾ, തൊഴിലില്ലായ്മ വേതനം ലഭിക്കുന്നവർ എന്നിവർക്കും മുൻഗണന നൽകുന്നു.
പദ്ധതിയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് സൗജന്യമായി അപേക്ഷാഫോം ലഭ്യമാക്കാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം സംരംഭത്തിന്റെ പ്രോജക്ട് റിപ്പോർട്ടും വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റും സമർപ്പിക്കണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ പ്രാഥമിക പരിശോധനയ്ക്കുശേഷം അപേക്ഷ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് അയക്കും. ജില്ലാ തലത്തിലുള്ള കമ്മിറ്റി അപേക്ഷ പരിശോധിച്ച് വായ്പ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.ജോലി കാത്തിരിക്കുന്നതിനുപകരം സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് KESRU പദ്ധതി പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കും അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം. Kerala Self Employment Scheme for the Registered Unemployed
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




