National Social Assistance Programme : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ, കുടുംബത്തിലെ പ്രധാന വരുമാനദായകനെ നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതിയാണ് ദേശീയ സാമൂഹിക സഹായ പദ്ധതി (National Social Assistance Programme – NSAP). 1995 ഓഗസ്റ്റ് 15-ന് ആരംഭിച്ച ഈ പദ്ധതി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാണ്.
വയോധികർക്കുള്ള പെൻഷൻ, വിധവകൾക്കുള്ള പെൻഷൻ, ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ, കുടുംബത്തിലെ പ്രധാന വരുമാനദായകനെ നഷ്ടപ്പെട്ടവർക്ക് ഒറ്റത്തവണ ധനസഹായം, അന്നപൂർണ പദ്ധതി എന്നിവയാണ് NSAP-യുടെ പ്രധാന ഘടകങ്ങൾ. അർഹരായവർക്ക് അടിസ്ഥാന സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ദൈനംദിന ജീവിതച്ചെലവുകൾ നേരിടാൻ സഹായിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
2026-ലെ പ്രധാന അപ്ഡേറ്റ്: 2026–27 മുതൽ 2030–31 വരെയുള്ള അഞ്ച് വർഷത്തേക്ക് പദ്ധതി തുടരാൻ കേന്ദ്ര മന്ത്രിസഭ 2026 ഒക്ടോബർ 14-ന് അംഗീകാരം നൽകി. ഇതിനായി ₹53,428 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ പേര് ‘പ്രധാനമന്ത്രി സാമൂഹിക സഹായ യോജന’ എന്നാക്കി മാറ്റാനും ഭിന്നശേഷി പെൻഷനിലെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഭിന്നശേഷി പെൻഷനിൽ അംഗീകൃത ഭിന്നശേഷിയുടെ പരിധി 80 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കും. ജനനം മുതൽ പ്രായപരിധിയില്ലാതെ അർഹത പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ മാർഗനിർദേശങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പുറത്തിറക്കി മാറ്റങ്ങൾ നടപ്പാക്കാനാണ് തീരുമാനം. വയോധികർ, വിധവകൾ എന്നിവർക്കുള്ള പെൻഷൻ പദ്ധതികളും കുടുംബ ആനുകൂല്യ പദ്ധതിയും നിലവിലുള്ള രീതിയിൽ തുടരും.
രാജ്യത്തെ അർഹരായ ജനവിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ പദ്ധതി പ്രധാന പങ്കുവഹിക്കുന്നു. അപേക്ഷിക്കാനുള്ള യോഗ്യത, ആവശ്യമായ രേഖകൾ, പെൻഷൻ തുക, അപേക്ഷാ നടപടികൾ എന്നിവ അറിയാൻ ഔദ്യോഗിക NSAP വെബ്സൈറ്റ് സന്ദർശിക്കാം: https://nsap.nic.in/ National Social Assistance Programme
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




