Kerala Blasters All Time Indian Top Scorers: ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ നിന്നും കഴിഞ്ഞ സീസണിൽ സീനിയർ ടീമിലെത്തി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മൊഹമ്മദ് അയ്മൻ. മുന്നേറ്റനിരയിൽ കളിക്കുന്ന താരമാണ് കഴിഞ്ഞ ദിവസം ഡ്യൂറൻഡ് കപ്പിൽ പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടി മത്സരം സമനിലയിലെത്തിക്കാൻ സഹായിച്ചത്. കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം നടത്തുന്ന യുവതാരം ഈ ഗോളോടെ ക്ലബിന്റെ ഇന്ത്യൻ ടോപ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.
എട്ടു ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ താരം നേടിയിരിക്കുന്നത്. പതിനൊന്നു ഗോളുകൾ നേടിയ സികെ വിനീത് ഒന്നാം സ്ഥാനത്തും പത്ത് ഗോളുകൾ നേടിയ സഹൽ അബ്ദുൽ സമദ് രണ്ടാം സ്ഥാനത്തുമാണ്. രാഹുൽ കെപിയും എട്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്. മൊഹമ്മദ് അയ്മനു വളരെക്കുറച്ച് മത്സരങ്ങൾ മാത്രമാണ് ഈ നേട്ടത്തിലേക്കെത്താൻ വേണ്ടി വന്നിട്ടുള്ളത്. 35 മത്സരങ്ങളിൽ നിന്നാണ് താരം എട്ടു ഗോളുകൾ നേടിയത്.
അതിൽ പല മത്സരങ്ങളിലും അയ്മൻ പകരക്കാരനായിരുന്നു. സികെ വിനീത് 43 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ നേടിയപ്പോൾ സഹൽ 97 മത്സരങ്ങൾ കളിച്ചാണ് 10 ഗോളുകൾ ബ്ലാസ്റ്റേഴ്സിനായി നേടിയത്. വെറും ഇരുപത്തിയൊന്ന് വയസായപ്പോഴാണ് കേരള ബ്ലാസ്റ്റേഴ്സിനായി കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരങ്ങളിൽ ലക്ഷദ്വീപുകാരനായ അയ്മൻ മൂന്നാം സ്ഥാനത്തേക്ക് വന്നത്. മൈക്കൽ സ്റ്റാറെക്കു കീഴിൽ അവസരങ്ങൾ കൃത്യമായി ലഭിക്കുകയാണെങ്കിൽ ഈ സീസൺ കഴിയുന്നതിനു മുൻപേ തന്നെ താരം ഒന്നാം സ്ഥാനത്തേക്ക് വരുമെന്ന കാര്യത്തിൽ സംശയമില്ല.
Kerala Blasters All Time Indian Top Scorers
📊 Kerala Blasters All Time Indian Top Scorers 👇
— KBFC XTRA (@kbfcxtra) August 4, 2024
CK Vineeth: 11 (43 matches)
Sahal Abdul Samad: 10 (97 matches)
Mohammed Aimen*: 8 (35 matches)
Rahul KP: 8 (78 matches)#KBFC pic.twitter.com/tjkFfc8YCG
കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ 21 മത്സരങ്ങളിൽ ഇറങ്ങിയ അയ്മൻ ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. സീനിയർ ടീമിനു വേണ്ടി ഇറങ്ങിയ ആദ്യത്തെ സീസണിൽ തന്നെ ഭേദപ്പെട്ട പ്രകടനം നടത്തിയ യുവതാരത്തിൽ നിന്നും ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.